സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്കെതിരെ പരാതി
ബെംഗളൂരുവിലെ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്കെതിരെ പരാതി. ധ്രുവ് റാഠിയുടെ പൗരത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ജർമൻ പൗരത്വമുള്ളയാൾ എസ്ഐആർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതെങ്ങനെ എന്നാണ് പരാതിയിലെ ചോദ്യം. സമരത്തിൽ പങ്കെടുക്കാൻ അനുമതി വാങ്ങിയിരുന്നോ, മുൻ സന്ദർശനങ്ങളിലും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിരുന്നോ, വീസ ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചോ എന്ന് അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു. മുൻ എഡിജിപി ഭാസ്കർ റാവു ആണ് പരാതി നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കണം എന്നാണ് ആവശ്യം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ നടത്തിയ സിജെപി റാലിയിലാണ് ധ്രുവ് റാഠി പങ്കെടുത്തത്. ധ്രുവിന്റെ ഓരോ വാക്കിനും ജനക്കൂട്ടം ആരവമുയർത്തി. ഓരോ വാക്കും ഹർഷാരവത്തോടെയാണ് ജനക്കൂട്ടം വരവേറ്റത്. ഇത് തന്‍റെ ആദ്യ പ്രതിഷേധ സമരമാണെന്ന് ധ്രുവ് പറഞ്ഞു. ബെംഗളൂരുവിൽ വിമാനമിറങ്ങിയപ്പോൾ, ധ്രുവ് റാഠി ഭരണം മാറ്റാൻ വരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വൈറലാകുന്നത് കണ്ടു. നരേന്ദ്ര മോദി വിചാരിക്കുന്നുണ്ടാകും തനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായ പ്രശ്നമുണ്ടെന്ന്. എന്നാൽ ഈ രാജ്യത്തിന് മുഴുവൻ അദ്ദേഹത്തോട് എതിർപ്പുണ്ടെന്ന് ധ്രുവ് പറഞ്ഞു. വോട്ട് മോഷണം എന്നത് ഒരു യാഥാർഥ്യമാണ്. അതിനുള്ള തെളിവുകളുണ്ട്. ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരാക്കി. ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.