ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു: പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി

 

ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കിയ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി. തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതിക്കാരന്‍. ഭക്തിഗാനം വികലമാക്കി ഉപയോഗിച്ചെന്നാണ് പരാതിക്കാരന്റെ വാദം. 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ജനപ്രിയ ഭക്തിഗാനത്തിന്റെ പാരഡിയാണിത്.

ഗാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഗാനം ഉപയോഗിച്ചിരുന്നത്. പരാതി വന്ന പശ്ചാത്തലത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. അയ്യപ്പഭക്തരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണ് ഗാനമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പായി മാറ്റിയെന്നും ശാസ്താവിന്റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നുമാണ് പാട്ടില്‍ പറയുന്നത്. 'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ… സ്വര്‍ണപ്പാളികള്‍ മാറ്റിയേ, ശാസ്താവിന്‍ ധനമൂറ്റിയേ… സ്വര്‍ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ… ലോഹം മാറ്റിയതാരപ്പാ, സഖാക്കളാണേ അയ്യപ്പാ… ആചാരങ്ങളെ ലംഘിക്കാനായി അമ്മിണിമാരെ മലകേറ്റീ… അകവും പുറവും കൊള്ളയടിക്കാന്‍ നിയമിച്ചുള്ളത് ഒരു പോറ്റീ…- ഇങ്ങനെ പോകുന്നു പാട്ടിലെ വരികള്‍.