കെ സി വേണുഗോപാലിന് എതിരായ സൈബർ ആക്രമണക്കേസിൽ പരാതിയുമായി മുന്നോട്ടുപോകാൻ കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം

 

 

എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരായ സൈബർ ആക്രമണക്കേസിൽ പരാതിയുമായി മുന്നോട്ടുപോകാൻ കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം. കോൺഗ്രസ് പ്രവർത്തകരെ കേസിൽ പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. എന്നാൽ പരാതി പിൻവലിക്കില്ലെന്ന നിലപാടിലാണ് ജോൺസൺ എബ്രഹാം. ഇതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് പൊലീസ്. പരാതിയിൽ കേസെടുത്തതിനപ്പുറം സൈബർ പൊലീസ് മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുണ്ടായ മുഖ്യമന്ത്രി തർക്ക സമയത്താണ് കെ സി വേണു​ഗോപാലിനെതിരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായത്. സൈബർ ആക്രമണത്തെ പറ്റി അന്വേഷണം വേണമെന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോൺസൺ എബ്രഹാമിൻ്റെ പരാതിയിൽ രണ്ടു മാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. ഡിജിപിക്ക് നൽകിയ പരാതിയിൽ നടപടിയും ഉണ്ടാകാതെ വന്നതോടെ ജോൺസൺ എബ്രഹാം ആഭ്യന്തര മന്ത്രിയെ സമീപിച്ചതിന് പിന്നാലെ ആണ് സൈബർ പൊലീസിൻ്റെ നടപടിയുണ്ടായത്.

ആലപ്പുഴ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചുപേരെ ആണ് പ്രതിചേർത്തിരിക്കുന്നത്. ഇവരെല്ലാം കോൺഗ്രസ് അനുഭാവികളാണ്. സിജു സാമുവൽ, ഹംസ കെ പി, ജാഫർ കെ അലിയാർ തട്ടികുന്നത്ത്, അബ്ദുൾ ഖാദർ റെഷി, പി സി പുലാമന്തോൾ എന്നീ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണ് കേസെടുത്തത്. പ്രതികളായ രണ്ടുപേരുടെ പ്രൊഫൈൽ ഫോട്ടോ മുഖ്യമന്ത്രിക്കൊപ്പമുള്ളതായിരുന്നു.