ഷാഫി പറമ്പില്‍ എംപിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് എംഎല്‍എ കെഎം അഭിജിത്ത്

 

 

ഷാഫി പറമ്പില്‍ എംപിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് യുവ എംഎല്‍എ കെഎം അഭിജിത്ത്. ഷാഫി പാര്‍ട്ടിക്കായി ജീവിതം സമര്‍പ്പിച്ച നേതാവാണെന്നും വ്യക്തിതാല്‍പര്യങ്ങളായി പൊതുജനങ്ങളെ വെറുപ്പിക്കരുതെന്നും അഭിജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഈ കൈകളിലായിരുന്നു.. ഓടിയെത്താത്ത മണ്ഡലങ്ങള്‍ ഇല്ല.. പ്രസംഗിച്ച വേദികള്‍ക്ക് കണക്കുകളില്ല.. കയറിയിറങ്ങിയ വീടുകള്‍ക്ക് എണ്ണമില്ല.. ആ വാക്കുകള്‍ക്ക് ജനം കാതോര്‍ത്തു, പത്തുവര്‍ഷക്കാലത്തെ ഭരണത്തിന്റെ പോരായ്മകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. ജനം അംഗീകരിച്ചു.. 102 സീറ്റുകളാണ് മലയാളികള്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് സമ്മാനിച്ചത്'- അഭിജിത്ത് കുറിപ്പില്‍ പറയുന്നു

'മത്സരിച്ച പൊതു തെരഞ്ഞെടുപ്പുകളില്‍ എല്ലാം മിന്നുന്ന ജയം. ആ ജനപ്രീതിക്ക് മുമ്പില്‍ ഇടറി വീണത് പ്രമുഖര്‍.. ഒരിക്കല്‍ താന്‍ വിജയിച്ച സീറ്റ് പിന്നീട് പാര്‍ട്ടിക്കെന്നും ജയിക്കാവുന്ന സീറ്റ് ആക്കി മാറ്റാന്‍ കഴിയുന്ന യുവനേതാവ്..എന്റെ പ്രസ്ഥാനത്തിന്റെ നേതാവെന്ന് ഏതൊരു പ്രവര്‍ത്തകനും ആരുടെ മുന്നിലും നെഞ്ചുയര്‍ത്തിപിടിച്ചു അഭിമാനത്തോടെ പറയാന്‍ കഴിയുന്ന, ഈ നാടിന്റെ സ്വപ്നതുല്യമായ ഭാവിക്ക് നേതൃത്വം കൊടുക്കാന്‍ കഴിയുന്ന ഒരു യുവ നേതാവ്.. ചേര്‍ത്തുപിടിക്കുന്നുണ്ട് ഓരോ മലയാളിയും ഷാഫിയെന്ന യുവ നേതാവിനെ, ചേര്‍ത്തുപിടിക്കണം ഓരോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനും...വ്യക്തി താല്‍പര്യങ്ങള്‍ക്കപ്പുറം പാര്‍ട്ടിക്കുവേണ്ടി നാടിനുവേണ്ടി സമൂഹത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ഈ മനുഷ്യനെ'- കുറിപ്പില്‍ പറയുന്നു.