ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; ഹൈജാക്കിംഗ് ശ്രമമായി കരുതുന്നില്ലെന്ന് നെതന്യാഹു

 

 

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം ഹൈജാക്കിംഗ് ശ്രമമായി കരുതുന്നില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സിബിഎസ് ഈവനിംഗ് ന്യൂസിനോട് നടത്തിയ പ്രതികരണത്തിലാണ് അതൊരു ആത്മഹത്യാ ശ്രമം മാത്രമാണെന്നാണ് കരുതുന്നതെന്ന് നെതന്യാഹു പ്രതികരിച്ചത്. കൃത്യമായ കാരണം എന്താണെന്ന് നിലവിൽ പറയാറായിട്ടില്ലെന്നും നെതന്യാഹു വിശദമാക്കി. സഹപൈലറ്റിനെ കീഴ്പ്പെടുത്താൻ സഹായിച്ച യാനിവ് ഹായൂൺ എന്ന യാത്രക്കാരന്റെ വിവരണം അനുസരിച്ച്, ഇത് ഒരു ആത്മഹത്യാ ശ്രമമാകാനാണ് കൂടുതൽ സാധ്യതയെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടത്. പൈലറ്റ് സീറ്റിലിരുന്ന് വിമാനം സുരക്ഷിതമായി പറത്താൻ ശ്രമിക്കുന്നതിന് പകരം, രണ്ട് പൈലറ്റ് സീറ്റുകൾക്കിടയിലുള്ള അത്യാവശ്യ ഉപകരണങ്ങൾ തടസ്സപ്പെടുത്താനും കേടുവരുത്താനുമാണ് സഹപൈലറ്റ് ശ്രമിച്ചതെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടിയത്.

ബുധനാഴ്ച രാവിലെ ദുബായിൽ നിന്ന് യാത്ര തിരിച്ച് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് ദുബായ്-ടെൽ അവീവ് ഫ്ലൈദുബായ് വിമാനത്തിൽ ഈ അടിയന്തര സാഹചര്യം ഉടലെടുത്തത്. സഹപൈലറ്റ് വിമാനത്തിലെ ക്യാപ്റ്റനെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിനിടെ വിമാനം പെട്ടെന്ന് 17000 അടി താഴേക്ക് പതിക്കുകയും, പിന്നീട് 5000 അടി ഉയരത്തിലേക്ക് കയറുകയും, തുടർന്ന് വീണ്ടും 7000 അടി താഴുകയും ചെയ്ത ശേഷമാണ് സുരക്ഷിത നില കൈവരിച്ചത്. ഇന്ത്യൻ പൗരനായ ക്യാപ്റ്റൻ ആക്രമണത്തെ ധീരമായി ചെറുക്കുകയും കോക്ക്പിറ്റിന്റെ വാതിൽ തുറക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാരും വിമാന ജീവനക്കാരും ചേർന്ന സംഘം കോക്ക്പിറ്റിലേക്ക് ഇരച്ചുകയറി സഹപൈലറ്റിനെ ബലമായി കീഴ്പ്പെടുത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാർ ഉടൻ തന്നെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു. 174 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ ഭൂരിഭാഗം പേരെയും പിന്നീട് മറ്റൊരു ഫ്ലൈദുബായ് വിമാനത്തിൽ ടെ അവീവിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു.