കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിലെ പിഴവില്‍ തിരുത്ത്

 

ആരോഗ്യവകുപ്പ് ഡയറക്ടര്‍ (ഡി എച്ച് എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ പിഴവ് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. കെ ജെ റീന 15 ദിവസം അവധി എടുത്തു എന്ന പരാമര്‍ശം ഒഴിവാക്കി. ഈ പരാമര്‍ശം ഒഴിവാക്കിയുള്ള പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. പുതിയ ഡി എച്ച് എസിന്റെ നിയമന നടപടികള്‍ നടക്കുന്നതിനാല്‍ മാറ്റം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

15 ദിവസം അവധി അപേക്ഷിച്ചതിനാലാണ് മാറ്റം എന്ന ഉത്തരവിനെതിരെ നേരത്തെ റീനയടക്കം വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും ഡോ. റീന വ്യക്തമാക്കിയിരുന്നു. ഇത്രയും കാലം സര്‍വീസ് കഴിഞ്ഞ് പോകുന്നയാള്‍ക്കെതിരെ തെറ്റായ ചിത്രീകരണം നടത്തരുതെന്നടക്കം ഡോ. റീന ആവശ്യപ്പെട്ടിരുന്നു.