ഗ്യാനേഷ് കുമാറിനെതിരായ അഴിമതി പരാതി; വിജിലൻസ് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും
ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്തു വകുപ്പ് സെക്രട്ടറി ആയിരിക്കെ കെഎസ്ടിപി പദ്ധതിയിലെ അഴിമതിയും, എഞ്ചിനീയറുടെ ആത്മഹത്യയും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ വിജിലൻസ് അന്വേഷണം ഉടൻ തുടങ്ങും. അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും. എസ് ഐ ആർ ക്രമക്കേടിൽ രാജ്യ വ്യാപകമായി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് 20 വർഷം മുൻപുള്ള സംഭവത്തിൽ ആഭ്യന്തര വകുപ്പ് വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
ആഭ്യന്തരമന്ത്രിക്ക് ലഭിച്ച പരാതി വിജിലൻസ് ഡയറക്ടർക്ക് കൈമാറുകയായിരുന്നു. കെ എസ് ടി പി പദ്ധതിയിലെ ക്രമക്കേട്, ഉദ്യോഗസ്ഥ തലത്തിലെ ഇടപെടൽ, മലേഷ്യൻ കമ്പനിയിലെ എഞ്ചിനീയർ ലീ സീ ബീനിന്റെ ആത്മഹത്യയിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പങ്ക് തുടങ്ങിയ കാര്യങ്ങളാവും അന്വേഷിക്കുക.ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് 13 കോടിയോളം രൂപ തടഞ്ഞുവച്ചത് എന്നായിരുന്നു ആരോപണം. തുക ലഭിക്കാത്തതിനെത്തുടർന്നായിരുന്നു ലീ സീ ബീൻ ആത്മഹത്യ ചെയ്തത്.