സ്ഥാനാർത്ഥി നിർണ്ണയത്തിൽ മൂന്ന് ടേം വ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ സി പി ഐ

 
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ മൂന്ന് ടേം വ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ സി പി ഐ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. മൂന്ന് തവണ തുടർച്ചയായി മത്സരിച്ചവർക്ക് ഇളവ് നൽകേണ്ടതില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചതോടെ ആറ് സിറ്റിംഗ് എം എൽ എമാർക്ക് ഇത്തവണ മത്സരരംഗത്ത് നിന്ന് മാറിനിൽക്കേണ്ടവരും. മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജി എസ് ജയലാൽ, പി എസ് സുപാൽ, വി ശശി, ഇ കെ വിജയൻ എന്നിവർക്ക് ഇക്കുറി സീറ്റ് ലഭിക്കില്ല. ടേം വ്യവസ്ഥ കർശനമാക്കിയെങ്കിലും നിലവിലെ നാല് മന്ത്രിമാർക്കും വീണ്ടും ജനവിധി തേടാനാകും. റവന്യു മന്ത്രി കെ രാജൻ, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, കൃഷി മന്ത്രി പി പ്രസാദ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നവർക്കാണ് മത്സരിക്കാനാകുക. ഇവരിൽ ആരും മൂന്ന് ടേം ആയിട്ടില്ല എന്നതാണ് കാരണം.