തിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണം പഠിക്കാൻ സിപിഎം

 

തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണം പഠിക്കാൻ സിപിഎം. 34 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി സംസ്ഥാന നേതൃത്വം തയ്യാറാക്കി. പരാജയകാരണം അണികളിൽനിന്ന് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിവിധ ഘടകങ്ങളിൽനിന്ന് അഭിപ്രായം സ്വരൂപിക്കുന്നതിനായി ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാന നേതൃത്വം തയ്യാറാക്കിയിരിക്കുന്ന ചോദ്യാവലി ഓരോ ജില്ലാക്കമ്മിറ്റികൾക്കും അവിടെനിന്ന് കീഴ്ഘടകങ്ങളിലേക്കും പോകും. നേതൃത്വത്തിനുണ്ടായ വീഴ്ചകളെക്കുറിച്ച് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന ചോദ്യാവലിയിൽ ചോദ്യങ്ങളില്ല.

ഭരണതലത്തിലുണ്ടായ വീഴ്ചകളേക്കുറിച്ചും ചോദ്യങ്ങളൊന്നുമില്ല. എന്നാൽ, ക്ഷേമപെൻഷൻ നൽകിയിട്ടും എന്തുകൊണ്ട് തോറ്റു, വിവിധ സാമൂഹിക വിഭാഗങ്ങൾ ഈ തിരഞ്ഞെടുപ്പിൽ നമുക്ക് അനുകൂലമായിരുന്നോ തുടങ്ങിയ ചോദ്യങ്ങളുണ്ട്.

ലോക്‌സഭ, തദ്ദേശം, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് സിപിഎം ചോദ്യാവലിയുമായി എത്തുന്നത്. പരാജയത്തിന്റെ പേരിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരേ വിവിധ ജില്ലാക്കമ്മിറ്റികളിൽനിന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.