ഇഎന്‍ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സിപിഎം

 

 

ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ ഇഎന്‍ സുരേഷ് ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സിപിഎം. അഭിഭാഷകയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇഎന്‍ സുരേഷ്ബാബുവിനെതിരെ യുവതി ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

പാര്‍ട്ടി ഓഫീസില്‍ വച്ച് ഇഎന്‍ സുരേഷ്ബാബു മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. തെരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടനപരമായ ആവശ്യത്തിനെത്തിയപ്പോഴാണ് സംഭവം. തുടര്‍ന്ന് യുവതി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരാതി നല്‍കുകയായിരുന്നു. സുരേഷ്ബാബുവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും അറിയിച്ചതോടെയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും സുരേഷ് ബാബുവിനെ നീക്കിയതെന്നാണ് വിവരം.

വിശാല സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിക്കിടെ സംസ്ഥാന നേതൃത്വം ഇഎന്‍ സുരേഷ് ബാബുവിനെ വിളിച്ചുവരുത്തുകയും പരാതി വായിപ്പിച്ച് കേള്‍പ്പിക്കുകയും സ്വയം പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയാമെന്ന് അറിയിച്ച സുരേഷ് ബാബു തനിക്കെതിരെ വന്ന പരാതി വിശാല കമ്മിറ്റിയില്‍ പറയരുതെന്നും ആവശ്യപ്പെടുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഒഴിയുകയാണെന്നാണ് ഇഎന്‍ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞത്.