ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് കീഴടങ്ങി
ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ പൊലീസിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതി പാലക്കാട് സൗത്ത് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് വിശദമായ വാദം കേട്ട ശേഷം പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചത്. യുവതി മുൻപ് ഉന്നയിക്കാതിരുന്ന പല കാര്യങ്ങളും പിന്നീട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കൂട്ടിച്ചേർത്തതാണെന്നും, ഇരുവരും തമ്മിലുണ്ടായിരുന്നത് പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നുമാണ് പ്രശോഭ് സി. വത്സൻ കോടതിയിൽ വാദിച്ചത്. എന്നാൽ പ്രതിഭാഗത്തിന്റെ ഈ വാദങ്ങളെല്ലാം പൂർണ്ണമായും തള്ളിക്കൊണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. ബലാത്സംഗം, എസ്.സി-എസ്.ടി (പീഡന നിരോധന) നിയമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പാലക്കാട് നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറായ പ്രശോഭ് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് ദലിത് യുവതിയുടെ പരാതി. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായും, പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം വെച്ചും പീഡനം തുടർന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. ഇതിന് പുറമെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും ഈ സമയത്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതായും യുവതി പൊലീസിന് നൽകിയ മൊഴിയിലുണ്ട്. പ്രതി കീഴടങ്ങിയ സാഹചര്യത്തിൽ ഇയാളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കും.