ആദായനികുതി അടച്ചവരുടെ ഡാറ്റകൾ സ്വകാര്യ ഏജൻസികളുടെ കയ്യിൽ; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി മുന്നറിയിപ്പ്

 

 

സ്വകാര്യ വ്യക്തികൾ ആദായ നികുതി നൽകിയതിന്റെയും ഇപിഎഫ്എ അക്കൗണ്ട് ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും പ്രൈവറ്റ് ഏജൻസികളുടെ കൈകളിൽ. ഡാറ്റാ ചോര്‍ച്ചയിൽ ഫലപ്രദമായ നടപടി എടുക്കാതെ തുടരുന്നതിൽ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ഡാറ്റാ ദുരുപയോഗം തടയാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ രൂപീകരിക്കാൻ കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഡാറ്റാ ചേര്‍ച്ചയെ "ആശങ്കാജനകം" എന്ന് വിശേഷിപ്പിച്ചു.

ഇത് സംബന്ധിച്ച പൊതു താത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനുള്ള വാദത്തിനിടെയാണ് കോടതി ആശങ്ക പരസ്യമാക്കിയത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്. തന്റെ വിവരങ്ങൾ ചോര്‍ന്നതായി കണ്ടെത്തി പിയൂഷ് ശര്‍മ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. പൊതു താത്പര്യ ഹര്‍ജി കോടതി സ്വീകരിച്ചില്ല. എന്നാൽ പ്രശ്നത്തിന്റെ ഗൗരവം പരിഗണിച്ച് ഇതിനുമേൽ നടപടി നിര്‍ദ്ദേശിക്കയായിരുന്നു.

നിയമപരമായ ബാധ്യതകൾ മൂലമാണ് ജനങ്ങൾ നികുതി അടക്കുകയും തങ്ങളുടെ വിവരങ്ങൾ അതത് കേന്ദ്ര ഏജൻസികൾക്ക് നൽകുകയും ചെയ്യുന്നത്. എന്നാൽ ഈ ഡാറ്റകൾ സൂക്ഷിക്കുന്നതിൽ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തുന്ന സാഹചര്യമാണ്. തന്റെ പാൻ (PAN), യു എ എൻ (UAN) എന്നിവയുടെ വിവരങ്ങൾ നൽകിയപ്പോൾ യാതൊരു വിധത്തിലുള്ള ഓടിപി സുരക്ഷയോ അനുമതിയോ ഇല്ലാതെ തന്നെ ഏതോ വഴിയിൽ സ്വകാര്യ ഏജൻസി എടുത്തു നൽകി. ഡാറ്റ മുഴുവൻ ഇത്തരം ഏജൻസികളുടെ കയ്യിലാണ്. തൊഴിൽ ചരിത്രം വരെ ഇങ്ങനെ എളുപ്പത്തിൽ ലഭിച്ചു. ഇക്കാര്യം ചൂണ്ടികാട്ടിയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.