അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം; മോഹൻലാലും കമൽഹാസനും പങ്കെടുക്കില്ല, മമ്മൂട്ടി തിരുവനന്തപുരത്ത്

 

കേരളപ്പിറവി ദിനമായ ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപന പരിപാടിയിൽ കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ല. കമൽഹാസന് ചെന്നൈയിലും മോഹൻലാലിന് ദുബൈയിലും ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലാണ് എത്താൻ കഴിയാത്തതെന്ന് സർക്കാരിനെ അറിയിച്ചു.

അതേസമയം വൈകീട്ടു നടക്കുന്ന പരിപാടിയിൽ മമ്മൂട്ടി മുഖ്യാതിഥിയാകും. മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നടനെ സ്വീകരിച്ചു. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയാണിത്.

ചികിൽസയ്ക്കും തുടർന്ന് സിനിമാ ചിത്രീകരണത്തിനുമായി എട്ടുമാസത്തോളം കേരളത്തിന് പുറത്തായിരുന്ന മമ്മൂട്ടി കഴിഞ്ഞ ദിവസമാണ് കേരളത്തിൽ തിരിച്ചെത്തിയത്. ചികിത്സയ്ക്കായി ചെന്നൈയിലായിരുന്നു മമ്മൂട്ടി ഇത്രയും നാൾ ചെലവഴിച്ചത്. അവിടെ നിന്ന് ഏകദേശം ഒരു മാസം മുൻപാണ് പുതിയ ചിത്രമായ 'പാട്രിയറ്റിന്റെ' ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് പോയത്. ഈ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം കൊച്ചിയിലേക്ക് തിരിച്ചെത്തിയത്.