പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ.സി. വേണുഗോപാൽ എം.പി

 

 

'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിനിടെ ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. വിഷയത്തിൽ പ്രതിരോധ മന്ത്രിക്കെതിരെ സഭയെ തെറ്റിദ്ധരിപ്പിച്ചതിന് കെ.സി. വേണുഗോപാൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അവകാശലംഘന നോട്ടീസ് നൽകി. 2025 ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിൽ ഒരു ഇന്ത്യൻ സൈനികന് പോലും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്‌നാഥ് സിംഗ് ലോക്‌സഭയിൽ പറഞ്ഞിരുന്നത്. എന്നാൽ, ഈ ഓപ്പറേഷനിൽ ആറ് സൈനികർ വീരമൃത്യു വരിച്ചതായി ഒരു വർഷത്തിന് ശേഷം സർക്കാർ ഔദ്യോഗികമായി സമ്മതിച്ചിരിക്കുകയാണ്.
യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ച് പ്രതിരോധ മന്ത്രി പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചുവെന്നും ഇത് സഭയെ അനാദരിക്കുന്നതിന് തുല്യമാണെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി. രാജ്യത്തിനായി ജീവൻ ബലിനൽകിയ ആറ് ധീരജവാന്മാരുടെ കുടുംബങ്ങളെയും രാജ്യത്തെ സൈന്യത്തെയും അപമാനിക്കുന്നതാണ് പ്രതിരോധ മന്ത്രിയുടെ നടപടിയെന്നും കോൺഗ്രസ് ആരോപിച്ചു. അതേസമയം, കോൺഗ്രസിന്റെ ആരോപണങ്ങൾ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. രാജ്‌നാഥ് സിംഗിന്റെ പാർലമെന്റിലെ പ്രസ്താവന സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ധീരജവാന്മാരുടെ ത്യാഗത്തെ രാജ്യം എപ്പോഴും ആദരിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.