കണ്ണൂരില്‍ ഡെങ്കിപനി പടരുന്നു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

 

മഴ കനത്തു തുടങ്ങിയതോടെ കണ്ണൂര്‍ ജില്ലയില്‍ പകര്‍ച്ചവ്യാധികളും പടരുന്നു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വന്‍വര്‍ധനവുണ്ടായി.42,376 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 692 പേര്‍ കിടത്തി ചികിത്സയും തേടി. നിലവില്‍ ജില്ലയില്‍ 237 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മരണവുമുണ്ട്. ഏറ്റവും കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മാങ്ങാട്ടിടം പഞ്ചായത്തിലാണ്. 22 കേസുകള്‍. അഴീക്കോട്, എടക്കാട്, കുന്നോത്തു പറമ്പ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 17, ചെങ്ങളായി 12, ചപ്പാരപ്പടവ് 12, മട്ടന്നൂര്‍ നഗരസഭ 11, പിണറായി 10, വേങ്ങാട് 9, തലശേരി നഗരസഭ 8, ആറളം 8, ഉളിക്കല്‍ 7 എന്നിങ്ങനെയാണ് ജില്ലയില്‍ മറ്റു ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇടവിട്ടുള്ള മഴ ഡെങ്കി കേസുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. വീട്ടിലും പരിസരങ്ങളിലും കൊതുക് വളരുന്ന സാഹചര്യം ഇല്ലായെന്ന് ഉറപ്പ് വരുത്തണം. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ നിര്‍മാര്‍ജ്ജനം ചെയ്യണം.