ശബരിമല യുവതീ പ്രവേശത്തിന്റെ ഫയലുകള്‍ കാണാതായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്

 

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായെന്ന വാര്‍ത്തകള്‍ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പ്രമേയങ്ങളും കോടതി നടപടികളുടെ പകര്‍പ്പുകളും സുരക്ഷിതമായി ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. വാര്‍ത്ത നല്‍കിയ മാധ്യമ സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെട്ട് വാര്‍ത്ത് പിന്‍വലിക്കണം. വസ്തുതകള്‍ ജനങ്ങളെ അറിയിക്കുന്നതിനുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പി ഡി സന്തോഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി പഴയ ഫയലുകള്‍ അന്വേഷിച്ചപ്പോഴാണ് പലതും കാണാതായ വിവരമറിയുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. രേഖകള്‍ കണ്ടെത്താന്‍ ഈ കേസുകള്‍ കൈകാര്യം ചെയ്ത അഭിഭാഷകരില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് തേടിയിരിക്കുകയാണ് ബോര്‍ഡ് എന്നുമാണ് റിപ്പോര്‍ട്ട്.