നെടുമങ്ങാടിന് വികസനക്കുതിപ്പ്; 900 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ മുഖ്യമന്ത്രി
Feb 21, 2026, 16:15 IST
നെടുമങ്ങാട് നിയോജക മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് 'വികാസോത്സവം 2026' ഫെബ്രുവരി 22-ന് നടക്കും. മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കല്ലിംഗൽ ഗ്രൗണ്ടിൽ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
പ്രധാന വികസന പദ്ധതികൾ:
- വഴയില – പഴകുറ്റി നാലുവരി പാത (റീച്ച് 2): കെൽട്രോൺ ജംക്ഷൻ മുതൽ വാളിക്കോട് വരെയുള്ള പാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. റോഡ് സിവിൽ വർക്ക്, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് എന്നിവയുൾപ്പെടെ 123 കോടി രൂപയും, ഭൂമി ഏറ്റെടുക്കലിനായി 299 കോടി രൂപയും ചേർന്ന് ആകെ 422 കോടി രൂപയാണ് ഈ പദ്ധതിക്കായി വിനിയോഗിക്കുന്നത്.
- റീച്ച് 3 ഭൂമി ഏറ്റെടുക്കൽ: വാളിക്കോട് മുതൽ പതിനൊന്നാം കല്ല് വരെയുള്ള മൂന്നാം റീച്ചിനായി കിഫ്ബി (KIIFB) 396 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി ഭൂമി വിട്ടുനൽകിയ 200 പേർക്കുള്ള നഷ്ടപരിഹാര തുക വിതരണവും ഇതോടൊപ്പം നടക്കും.
- ജില്ലാ ആശുപത്രിയിലെ അത്യാധുനിക മന്ദിരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കിഫ്ബി വഴി 89.4 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ആറ് നിലകളുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവ്വഹിക്കും.
- മറ്റ് പദ്ധതികൾ: ടൂറിസം വകുപ്പിന് കീഴിൽ പത്താം കല്ലിൽ 9.61 കോടി രൂപ ചെലവിൽ നിർമ്മിച്ച ആതിഥേയ ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനവും, 2.95 കോടി രൂപയുടെ ഫയർ ആൻഡ് റെസ്ക്യൂ നിലയത്തിന്റെ നിർമ്മാണോദ്ഘാടനവും ഇതോടൊപ്പം നടക്കും.
ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ജനപ്രതിനിധികളും വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആശംസകൾ അറിയിക്കും.