രാജസ്ഥാനിലെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോൺഗ്രസ്
രാജസ്ഥാനിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിയാത്തതിന്റെ നിരാശയിൽ കോൺഗ്രസ്. തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കുകളിൽ വലിയ വിള്ളലുണ്ടാക്കാൻ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും മറ്റ് ചെറിയ പാർട്ടികൾക്കും സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചില നഗരസഭകളിൽ ആം ആദ്മി പാർട്ടിയും സിപിഎമ്മും നേടിയ തിളക്കമാർന്ന വിജയങ്ങൾ കോൺഗ്രസിന് കനത്ത പ്രഹരമായി. സ്വതന്ത്രർ നേടിയ നിർണായക വിജയങ്ങൾ പാർട്ടിയുടെ പ്രകടനത്തെ എങ്ങനെ ബാധിച്ചുവെന്ന് വരും ദിവസങ്ങളിൽ കൃത്യമായി വിലയിരുത്തുമെന്നും നേതാക്കൾ അറിയിച്ചു. എങ്കിലും വൻ തിരിച്ചടിക്ക് കാരണം വാർഡ് വിഭജനത്തിലെ അപാകതകളെന്നാണ് കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കുറ്റപ്പെടുത്തിയത്.
സംസ്ഥാനത്താകെ കോൺഗ്രസിനേക്കാൾ കൂടുതൽ വാർഡുകളിൽ വിജയിക്കാനും മുൻതൂക്കം നിലനിർത്താനും കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ബിജെപി. മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്റെയും സ്വന്തം തട്ടകങ്ങളിൽ നേരിടേണ്ടിവന്ന അപ്രതീക്ഷിത തിരിച്ചടികളും കടുത്ത മത്സരവും പാർട്ടിക്ക് തലവേദനയാണ്. കേവലഭൂരിപക്ഷം ലഭിക്കാത്ത പ്രാദേശിക ഭരണകൂടങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും പ്രാദേശിക പാർട്ടികളുടെയും പിന്തുണ അത്യന്താപേക്ഷിതമാണ്. അതിനാൽ, പരമാവധി നഗരസഭകളിൽ ഭരണം പിടിച്ചെടുക്കാൻ ബിജെപി സ്വതന്ത്രരെയും മറ്റും ഒപ്പം കൂട്ടാനുള്ള തിരക്കിട്ട നീക്കങ്ങൾ തുടങ്ങി. സെപ്റ്റംബർ 21, 22 തീയതികളിൽ നടക്കാനിരിക്കുന്ന മേയർ, മുൻസിപ്പൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പുകൾക്ക് മുൻപായി ഭൂരിപക്ഷം ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം.