എൻ.എസ്.എസ്. ആസ്ഥാനമായ പെരുന്ന ശുദ്ധീകരിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി

 

 

എൻ.എസ്.എസ്. ആസ്ഥാനമായ പെരുന്ന ശുദ്ധീകരിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടുമാസംമുൻപ് ഡൽഹിയിൽനടന്ന മന്നംസ്മൃതിമണ്ഡപം ഉദ്ഘാടനച്ചടങ്ങിലെ തന്റെ പരാമർശങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും മാധ്യമങ്ങളെ പരോക്ഷമായി കുറ്റപ്പെടുത്തി സുരേഷ് ഗോപി പറഞ്ഞു. ‘‘വാക്കുകൾ വളച്ചൊടിച്ചു. ശുദ്ധി എന്ന വാക്കുപോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടു. വന്ദേമാതരം ആലപിക്കുമ്പോൾ കൈകൾ ശുദ്ധിവരുത്തുന്നതിനെപ്പോലും ചിലർ വക്രീകരിച്ചു’’ -സുരേഷ് ഗോപി കുറ്റപ്പെടുത്തി. ആഗോള നായർ സമ്മേളനം ഉദ്ഘാടച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഗ്ലോബൽ നായർ സമാജവും എൻ.എസ്.എസ്. ഡൽഹിയും സംയുക്തമായി സംഘടിപ്പിച്ച ആഗോള നായർ സമ്മേളനം ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉദ്ഘാടനംചെയ്തു. ഡൽഹിയുടെ വളർച്ചയിൽ മലയാളികൾ ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവരുടെയും സംഭാവനയുണ്ടെന്ന് അവർ പറഞ്ഞു. വികസിത് ഭാരത് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഡൽഹി അനുദിനം വളർന്നുകൊണ്ടിരിക്കയാണ്. മലയാളികൾ കഠിനാധ്വാനികളാണ് -രേഖാ ഗുപ്ത പറഞ്ഞു.

ഡൽഹിയിൽ മന്നത്ത് പദ്മനാഭന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കും. ഇതിന് ആകുന്നതെല്ലാം ചെയ്യമെന്നും രേഖാ ഗുപ്ത പറഞ്ഞു. മന്നത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്നും ചട്ടമ്പി സ്വാമിയുടെ ദർശനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ചടങ്ങിൽ എൻ.എസ്.എസ്. ഡൽഹി പ്രസിഡന്റ് എം.കെ.ജി. പിള്ളയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് രേഖാ ഗുപ്ത ഇക്കാര്യം പറഞ്ഞത്.