ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

 

 

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കടുക്കുന്നത് സംയുക്ത പ്രഖ്യാപനത്തെയും ബാധിക്കുന്നു. യുഎഇക്കും സൗദിക്കും ഇറാനും ഇടയിൽ ആണ് പ്രധാന തർക്കം. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ചുള്ള പ്രസ്താവനയിലെ നിലപാടിനെ ചൊല്ലിയാണ് തർക്കം. യുഎഇയുമായും ഇറാനുമായും ഇന്ത്യ പ്രത്യേക ചർച്ചകൾ നടത്തി. രണ്ടുപേർക്കും സ്വീകാര്യമായ വാചകങ്ങൾ ഉൾക്കൊള്ളിക്കാൻ ആണ് നീക്കം. നാളെ ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. അതേസമയം, ബ്രസീൽ പ്രസിഡന്റ് ഉച്ചകോടിക്ക് എത്തില്ല. ഇന്ത്യ - ചൈന ചർച്ച ശനിയാഴ്ച നടക്കും.

ഇന്ത്യ - ചൈന ചർച്ചയിൽ വ്യാപാരബന്ധം വിശദമായി വിലയിരുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അവശ്യ ധാതുക്കൾക്ക് ഉൾപ്പെടെ ചൈന ഏർപ്പെടുത്തുന്ന നിയന്ത്രണം ചർച്ചയാക്കും. വ്യാവസായിക ഉൽപ്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ കൈമാറ്റത്തിനുള്ള തടസ്സങ്ങൾ നീക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഉച്ചകോടിയിലും ഈ വിഷയം ഉയർന്നു വരുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ചയോടെ ലോകനേതാക്കൾ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് എത്തും. സെപ്തംബർ 12, 13 തിയ്യതികളിലാണ് ബ്രിക്സ് ഉച്ചകോടി. റഷ്യ, ചൈന പ്രസിഡന്‍റുമാർ അടക്കം ഇരുന്നൂറോളം ലോക നേതാക്കൾ ദില്ലിയിൽ എത്തും.