മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് തര്‍ക്കം

 

വി ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നു. വകുപ്പ് സംബന്ധിച്ച് മന്ത്രിമാര്‍ തമ്മില്‍ സമവായത്തിലെത്താന്‍ കഴിയാതെ വന്നതോടെ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെ ആദ്യത്തെ വലിയ പരീക്ഷണത്തെയാണ് നേരിടുന്നത്. സ്ഥിതിഗതികള്‍ ഗുരുതരമായ ഘട്ടത്തിലെത്തിയതോടെ എഐസിസിക്ക് ഇടപെടേണ്ടി വന്നതായി വിശ്വസനീയമായ കേന്ദ്രങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

മന്ത്രിമാരായ എ പി അനില്‍ കുമാറും കെ മുരളീധരനും ആരോഗ്യ, ദേവസ്വം വകുപ്പുകള്‍ക്കായുള്ള തങ്ങളുടെ അവകാശവാദങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറാകാതിരുന്നതോടെയാണ് തര്‍ക്കം മൂര്‍ച്ഛിച്ചത്. അസംതൃപ്തി പരസ്യമായ ഒരു ഏറ്റുമുട്ടലിലേക്ക് വഴിമാറാതിരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുകയായിരുന്നു എന്ന് ഒരു കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. സര്‍ക്കാര്‍ ഇതുവരെ മന്ത്രിമാരുടെ വകുപ്പുകള്‍ അടങ്ങിയ പട്ടിക ലോക്ഭവനിലേക്ക് അയച്ചിട്ടില്ലെന്ന് യുഡിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.

ഗവര്‍ണറുടെ ഓഫീസിന് പട്ടിക ലഭിച്ചതിനു ശേഷം മാത്രമേ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കൂ എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൊവ്വാഴ്ച ഗവര്‍ണര്‍ തിരുവനന്തപുരത്ത് ഉണ്ടാകില്ലെങ്കിലും അദ്ദേഹവുമായി കൂടിയാലോചിച്ച് അനുമതി വാങ്ങിയ ശേഷം വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയുമെന്നാണ് സൂചനകള്‍.

വകുപ്പ് വിഭജനത്തെക്കുറിച്ച് സതീശനും കെപിസിസി നേതൃത്വവും തമ്മില്‍ നടത്തിയ പ്രാഥമിക ചര്‍ച്ചകളില്‍, കഴിഞ്ഞ രണ്ട് യുഡിഎഫ് സര്‍ക്കാരുകളിലും മന്ത്രിയായിരുന്ന അനില്‍ കുമാറിന് ആരോഗ്യ, ദേവസ്വം വകുപ്പുകള്‍ നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നു. എന്നാല്‍, അവസാനവട്ട ചര്‍ച്ചകള്‍ക്കിടെ ഈ രണ്ട് വകുപ്പുകള്‍ക്കായി സതീശന്‍ കെ മുരളീധരനെ പിന്തുണച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായതെന്ന് അനില്‍ കുമാറുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ പരസ്യമായി പിന്തുണച്ച ചുരുക്കം ചില എംഎല്‍എമാരില്‍ ഒരാളായിരുന്നു മുരളീധരന്‍.