AIADMK-യുമായി സഖ്യം പുതുക്കിയതിൽ അതൃപ്തി; അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്നതായി അഭ്യൂഹം

 

തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹം. തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ പടിയിറക്കത്തിന് പിന്നാലെയാണ് പുതിയ പാർട്ടി ചർച്ച സജീവമായത്.

അണ്ണാമലൈയുടെ അനുയായികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പുതിയ പാർട്ടിക്കായുള്ള പേരുകളും പതാകയും പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്. പുതിയ പാർട്ടി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജൂണിൽ ഉണ്ടാകുമെന്നാണ് അനുയായികൾ അവകാശപ്പെടുന്നത്.

സമീപകാലത്ത് അണ്ണാമലൈ സ്വീകരിച്ച ചില നിലപാടുകൾ പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കമാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് കാരണമായിരുന്നു. സിബിഎസ്ഇ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി കൊണ്ടുവന്ന ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള തീരുമാനത്തെ അദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു. ഇതിനുപുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കി ബാത്ത്' പരിപാടിയെക്കുറിച്ച് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ കുറിപ്പുകൾ പങ്കുവെക്കാതിരുന്നതും രാഷ്ട്രീയ നിരീക്ഷകരുടെയും അനുയായികളുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായുള്ള സഖ്യം വീണ്ടും പുതുക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിൽ അണ്ണാമലൈ അതൃപ്തനായിരുന്നുവെന്നും പിന്നീട് പാർട്ടി തീരുമാനത്തിന് വഴങ്ങി എൻഡിഎ സഖ്യത്തിനായി പ്രചാരണം നടത്തുകയായിരുന്നെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2021 ജൂലൈയിൽ തന്റെ 37-ാം വയസ്സിലാണ് തമിഴ്‌നാട് ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി ചുമതലയേറ്റത്. 2023 സെപ്റ്റംബറിൽ ബിജെപി-എഐഎഡിഎംകെ സഖ്യം തകർന്നതിന് ശേഷം എഐഎഡിഎംകെ നേതൃത്വത്തിന്റെ കടുത്ത വിമർശകനായി അണ്ണാമലൈ മാറിയിരുന്നു.

സഖ്യം തകരാൻ കാരണം അണ്ണാമലൈ ആണെന്ന ധാരണ നിലനിൽക്കെയാണ്, 2025-ൽ ബിജെപി വീണ്ടും എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചതും അദ്ദേഹം അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയതും. അതേസമയം, അണ്ണാമലൈ പാർട്ടി വിടുമെന്ന വാർത്തകൾ മുതിർന്ന ബിജെപി നേതാക്കൾ നിഷേധിച്ചു. അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കാൻ പദ്ധതിയിടുന്നതായി തങ്ങൾക്ക് അറിവില്ലെന്നും ദേശീയതലത്തിൽ പ്രധാനപ്പെട്ട ചുമതലകൾ അദ്ദേഹത്തിന് നൽകാൻ സാധ്യതയുണ്ടെന്നും ബിജെപി നേതാക്കൾ പറഞ്ഞു.