കൈവശ ഭൂമിക്കുള്ള പട്ടയ വിതരണം പുനരാരംഭിച്ചു; 2077 പട്ടയങ്ങൾ വിതരണം ചെയ്തു

 

ഇടുക്കിയിൽ കൈവശ ഭൂമിക്ക് പട്ടയ വിതരണം ചെയ്യുന്നത് പുനരാരംഭിച്ചു. ചെറുതോണിയിൽ നടന്ന ചടങ്ങിൽ 2077 പട്ടയങ്ങൾ വിതരണം ചെയ്തു. 1964 ലെ ചട്ടം അനുസരിച്ച് പട്ടയം നൽകുന്നതിലെ കോടതി വിലക്ക് നീങ്ങിയതോടെ കൂടുതൽ പേർക്ക് പട്ടയം കിട്ടും. 2016 മുതൽ ഇടുക്കി ജില്ലയിൽ 13 പട്ടയമേളകളിലൂടെ 43,613 പട്ടയങ്ങളാണ് വിതരണം ചെയ്തത്.സർക്കാരിൻ്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് പരമാവധി പട്ടയങ്ങൾ നൽകാൻ നിർദ്ദേശം നൽകിയെങ്കിലും 1964ലെ ചട്ട പ്രകാരം പട്ടയം നൽകുന്നത് കോടതി വിലക്കിയതോടെ പട്ടയ നടപടികൾ പ്രതിസന്ധിയിലായിരുന്നു. വനാവകാശ രേഖയും 93 ലെ ചട്ടപ്രകാരമുള്ള പട്ടയങ്ങളുമാണ് ഇത്തവണ വിതരണത്തിന് തയ്യാറാക്കിയതിൽ കൂടുതലും. ഈ പട്ടയങ്ങളാണ് ചെറുതോണിയിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. കോടതി വിലക്ക് നീങ്ങിയതോടെ 3000 അപേക്ഷകർക്ക് കൂടി ഉടൻ പട്ടയം ലഭിക്കും.

1974ൽ ആരംഭിച്ച മാങ്കുളം മിച്ചഭൂമി വിതരണത്തിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചതോടെ ഇവിടുത്തുകാർക്കും ഇനി പട്ടയം വിതരണം ചെയ്യും. ചിന്നക്കനാൽ വില്ലേജിലെ മുത്തമ്മ ഉന്നതിയിലെ 238 കുടുംബങ്ങൾക്കും പട്ടയമായി. വനം വകുപ്പിന്റെ ജണ്ടക്ക് പുറത്തുള്ള കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നതിന് തൊടുപുഴ താലൂക്കിലെ ഉടുംമ്പന്നൂർ വെള്ളിയാമറ്റം, അറക്കുളം വണ്ണപ്പുറം എന്നിവിടങ്ങളിലും ഇടുക്കി താലൂക്കിലെ ഇടുക്കി, കഞ്ഞിക്കുഴി എന്നീ വില്ലേജുകളിലും പതിവ് നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്. ചെങ്കുളം, കല്ലാർകുട്ടി എന്നീ വൈദ്യുത പദ്ധതി പ്രദേശങ്ങളിൽ പട്ടയം അനുവദിക്കുന്നതിനുള്ള കളക്ടറുടെ റിപ്പോർട്ട് സർക്കാരിൻ്റെ പരിഗണനയിലാണിപ്പോൾ.