കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത വിമർശനവുമായി ഡിഎംകെ
ശക്തമാക്കിക്കൊണ്ട് കോൺഗ്രസിനും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത വിമർശനവുമായി ഡിഎംകെ രംഗത്ത്. രാഹുൽ ഗാന്ധി പ്രതിപക്ഷ സഖ്യത്തെ ബോധപൂർവ്വം ദുർബലപ്പെടുത്തുകയാണെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് പാർട്ടി ഡിഎംകെയെ വഞ്ചിച്ച്, നടൻ വിജയിന്റെ തമിഴക വെട്രി കഴകവുമായി ഔദ്യോഗിക സഖ്യം പ്രഖ്യാപിച്ചതാണ് തമിഴ്‌നാട്ടിലെ ദ്രാവിഡ പാർട്ടിയെ കടുത്ത പ്രകോപനത്തിലേക്ക് തള്ളിവിട്ടത്.
ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ 'മുരശൊലി'യിലെ എഡിറ്റോറിയലിലാണ് കോൺഗ്രസിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോൾ പ്രാദേശിക കക്ഷികളുടെ സഹായം തേടുന്ന കോൺഗ്രസ്, സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യകക്ഷികളെ തന്നെ പിന്നിൽ നിന്ന് കുത്തി തോൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പത്രം കുറ്റപ്പെടുത്തുന്നു."നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഉടനീളം, കൂടെയുള്ള ഇന്ത്യ മുന്നണി പങ്കാളികൾ അധികാരത്തിൽ വരുന്നത് തടയാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പ് എത്തുമ്പോൾ ബിജെപിക്കെതിരെ പോരാടാനെന്ന പേരിൽ ഇതേ കക്ഷികളുടെ കാലുപിടിക്കാൻ അവർ ഓടിയെത്തും," മുരശൊലി വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ ഈ 'വഞ്ചനയിൽ' പ്രതിഷേധിച്ച് ജൂൺ 8-ന് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മുന്നണിയുടെ ഉന്നതതല യോഗം ഡിഎംകെ ബഹിഷ്കരിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത മറ്റ് പല പ്രമുഖ നേതാക്കളും കോൺഗ്രസിന്റെ ഈ നിലപാടുകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായും, ഇതൊന്നും പ്രതീക്ഷിക്കാത്ത രാഹുൽ ഗാന്ധി യോഗത്തിൽ പൂർണ്ണമായി ഒറ്റപ്പെട്ടുപോയതായും ഡിഎംകെ അവകാശപ്പെടുന്നു. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ അപക്വതയും സത്യസന്ധതയില്ലായ്മയുമാണ് ഇതിനെല്ലാം കാരണമെന്നും മുഖപത്രം കൂട്ടിച്ചേർത്തു.