ഫ്ലൈ ദുബായ് യാത്രാവിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ഡൊണൾഡ് ട്രംപ്
ഇസ്രയേലിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് യാത്രാവിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ നിഗമനം. ആക്രമണത്തിന് പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കോക്പിറ്റിൽ സംഘർഷം നടന്നതായി കണ്ടെത്തിയെന്ന് സൗദി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. രണ്ട് പൈലറ്റുമാർക്കും പരുക്കേറ്റെന്നും സൗദി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. വിമാനത്തിൽ സ്മിത്ത് മച്ചാറിനൊപ്പമുണ്ടായിരുന്ന പൈലറ്റിനെ സൗദി യുഎഇയ്ക്ക് കൈമാറി. ദുബായിൽ നിന്നും മുഹമ്മദ് റഹീസ് തയ്യാറാക്കിയ റിപ്പോർട്ട്.
യുഎഇയിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം സൗദി അറേബ്യയുടെ വടക്കുഭാഗത്ത്, മരുഭൂമിയ്ക്ക് മുകളിൽ വച്ചാണ് ആടിയുലഞ്ഞത്. ആക്രോശങ്ങൾ കേട്ട് കോക്പിറ്റിന്റെ വാതിൽ തള്ളി യാത്രക്കാർ അകത്തേയ്ക്ക് കടന്നപ്പോൾ ചോരപുരണ്ട് കിടക്കുന്ന ഇന്ത്യാക്കാരനായ പൈലറ്റ് സ്മിത്ത് മച്ചാർ. കയ്യിൽ കത്തിയുമായി ഒമാൻ സ്വദേശിയായ സഹപൈലറ്റ്. സഹപൈലറ്റിന്റെ ആക്രമണം നേരിട്ട ഇന്ത്യാക്കാരനായ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.