രണ്ട് ദിവസം കടലിൽ ഇറങ്ങരുത്; ലൈഫ് ഗാർഡുമാർ പണിമുടക്കിൽ, കർശന മുന്നറിയിപ്പുമായി ദുരന്തനിവാരണ വിഭാഗം
സംസ്ഥാനത്തെ വിവിധ ബീച്ചുകളിൽ വിനോദസഞ്ചാര വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ലൈഫ് ഗാർഡ് ജീവനക്കാർ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 24, 25 തീയതികളിലാണ് ലൈഫ് ഗാർഡുമാർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കടലിൽ അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ആളില്ലാത്ത അവസ്ഥയുണ്ടാകുമെന്നും അതിനാൽ സഞ്ചാരികൾ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
തങ്ങളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, സർവീസിൽ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലൈഫ് ഗാർഡുമാരുടെ സമരം. കോവളം, ശംഖുമുഖം, ആഴിമല തുടങ്ങിയ പ്രധാന തീരങ്ങളിൽ വിദേശികളടക്കം നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലാ ദുരന്തനിവാരണ വിഭാഗം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ കടലിൽ ഇറങ്ങുന്നത് തടയാൻ അതത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ലൈഫ് ഗാർഡുമാരുടെ അഭാവത്തിൽ ബീച്ചുകളിൽ പോലീസിനെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കാനാണ് നിലവിലെ തീരുമാനം. എങ്കിലും അപകടസാധ്യത കണക്കിലെടുത്ത് സന്ദർശകർ സ്വയം നിയന്ത്രണം പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.