ഡോ. എ കൗഷിഗൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
May 29, 2026, 16:27 IST
സംസ്ഥാനത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി (CEO) ഡോ. എ കൗഷിഗൻ ഐഎഎസിനെ നിയമിച്ചു. 2009 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ഡോ. രത്തൻ യു ഖേൽക്കർ ഐഎഎസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെത്തുടർന്നാണ് പുതിയ മാറ്റം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെയാണ് സംസ്ഥാന സർക്കാർ ഡോ. എ കൗഷിഗനെ ഈ പദവിയിലേക്ക് നിയമിച്ചത്. നേരത്തെ ലാൻഡ് റവന്യൂ കമ്മീഷണർ ഉൾപ്പെടെയുള്ള വിവിധ നിർണ്ണായക പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനാകുന്ന ഡോ. രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ ഓഫീസിലെ (CMO) പ്രധാന ചുമതലകളാകും ഇനി കൈകാര്യം ചെയ്യുക.