ഡോ. റാമിന് തിരിച്ചടി, മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം കെ റാമിൻ്റെ മുൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളി. വിദ്യാർത്ഥികളോട് അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ചാണ് എം കെ റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി, ഡോ. റാമിനെതിരെ കടുത്ത പരാമർശങ്ങൾ നടത്തി. നിതിൻ രാജ് ക്ലാസ്മുറിക്കുള്ളിൽ അധിക്ഷേപിക്കപ്പെട്ടു എന്ന് കോടതി വ്യക്തമാക്കി. സഹപാഠികൾക്ക് മുന്നിൽവെച്ച് ഇത്തരത്തിൽ അധിക്ഷേപിക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.