തെരുവിലെ മൃഗങ്ങൾക്ക് പുതിയ അഭയം ഒരുക്കി ദുബായ് മുനിസിപ്പാലിറ്റി

 

 

തെരുവിൽ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങൾക്ക് പുതിയ കുടുംബങ്ങളിലേക്ക് എത്താനുള്ള അവസരവും ഒരുക്കി ദുബായ് മുനിസിപ്പാലിറ്റി. വാർസാനിലെ ബേഡ്സ് ആൻഡ് പെറ്റ്സ് മാർക്കറ്റിൽ രാജ്യാന്തര നിലവാരത്തിലുള്ള പുതിയ അനിമൽ വെൽഫെയർ ഷെൽട്ടർ പ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റതോ രോഗബാധിതമായതോ ആയ മൃഗങ്ങൾക്ക് ചികിത്സ, പുനരധിവാസം, ദത്തെടുക്കലിനുള്ള തയാറെടുപ്പ് എന്നിവ ലഭ്യമാകും. വളർത്തുമൃഗ പരിപാലനം പ്രോത്സാഹിപ്പിക്കുകയും തെരുവുമൃഗങ്ങളുടെ എണ്ണം കുറയ്ക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യം. മൃഗങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യമൊരുക്കി പ്രത്യേക ഓൺലൈൻ പ്ലാറ്റ്‌ഫോമും ആരംഭിച്ചിട്ടുണ്ട്. ലഭ്യമായ മൃഗങ്ങളുടെ ആരോഗ്യനിലയും സ്വഭാവ സവിശേഷതകളും പരിശോധിച്ച് അനുയോജ്യമായവയെ തിരഞ്ഞെടുക്കാം.

പൂർണ സജ്ജമായ വെറ്ററിനറി ക്ലിനിക്, ശസ്ത്രക്രിയാ സൗകര്യം, ഗ്രൂമിങ് യൂണിറ്റ്, ദത്തെടുക്കുന്നതിന് മുമ്പ് മൃഗങ്ങളെ പരിചയപ്പെടാനുള്ള സൗകര്യം, ഉടമകളിൽ നിന്ന് കാണാതായ വളർത്തുമൃഗങ്ങളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളും ഷെൽട്ടറിലുണ്ട്. തെരുവുപൂച്ചകൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ സംരക്ഷണത്തിനായി പിടികൂടൽ–വന്ധ്യംകരണം–വാക്സിനേഷൻ–തിരികെ വിടൽ പദ്ധതികളും ദുബായ് മുനിസിപ്പാലിറ്റി നടപ്പാക്കുന്നുണ്ട്.