എബോള ഭീതി: ഛത്തീസ്ഗഡിൽ മൂന്ന് ആഫ്രിക്കൻ പൗരന്മാർ നിരീക്ഷണത്തിൽ

 

ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് സംശയത്തെ തുടർന്ന് മൂന്നു വിദേശ പൗരന്മാരെ ഛത്തീസ്​ഗഡിൽ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചു. ആഫ്രിക്കൻ പൗരന്മാരെ ആണ് മുൻകരുതൽ നടപടികളുമായി ഭാ​ഗമായി 21 ദിവസത്തേക്ക് ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചത്. രോ​ഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് കൈകാര്യം ചെയ്യാനായി സംസ്ഥാനം പൂർണമായും സജ്ജമാണെന്ന് ഛത്തീസ്​ഗഡ് ആരോ​ഗ്യമന്ത്രി ശ്യാം ബിഹാരി ജയ്സ്വാൾ അറിയിച്ചു. ആശുപത്രികളും ക്വാറന്റൈൻ സൗകര്യങ്ങളും ജാ​ഗ്രതയിലാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മൂന്നുപേരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതെന്നും ആരോ​ഗ്യ പ്രോട്ടോക്കോളുകൾ പാലിച്ചാണ് ഇവരെ നിരീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതുവരെ എബോള വൈറസ് രോ​ഗം സ്ഥിരീകരിച്ചിട്ടില്ല. ആർക്കും രോ​ഗലക്ഷണങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി. ദുർ​ഗിലെ ക്വാറൻ്റൈൻ കേന്ദ്രത്തിലാണ് മൂവരെയും പ്രവേശിപ്പിച്ചത്.

നേരത്തെ ബെം​ഗളൂരുവിൽ എത്തിയ ഉ​ഗാണ്ട സ്വദേശിയായ യുവതിയെയും നിരീക്ഷണത്തിലാക്കിയിരുന്നു. മെയ് 23നാണ് 28കാരി ഉ​ഗാണ്ടയിൽനിന്ന് ബെം​ഗളൂരുവിലെ കെംപ​ഗൗഡ വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. എബോള ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇവരെ ഇന്ദിരാ ന​ഗറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ സാംപിൾ പരിശോധനയിൽ ഇവർക്ക് എബോളയില്ലെന്ന് സ്ഥിരീകരിച്ചു.