പിണറായിയടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

 

 

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കം ഉള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ ഇടാന്‍ വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുന്‍പ് തമിഴ്‌നാട്ടില്‍ സമാനമായ കേസില്‍ ഇഡി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം, ഇഡി ശിപാര്‍ശയില്‍ പിണറായി വിജയനും പി എ മുഹമ്മദ് റിയാസ് എംഎല്‍എയ്ക്കും, ടി വീണയ്ക്കും എതിരായ അന്വേഷണത്തിന് പ്രത്യേക സംഘം ഉടനെന്നാണ് വിവരം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലായിരിക്കും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്തുക.നിയമപദേശം ലഭിച്ചതിന് പിന്നാലെയായിരുന്നു കേസ് എടുക്കാനുള്ള തീരുമാനം. ഇഡിയുടെ കത്തില്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളും പ്രാഥമിക അന്വേഷണ പരിധിയില്‍ കൊണ്ടുവരും. പിണറായി വിജയന്‍. മുഹമ്മദ് റിയാസ്. ടി വീണ തുടങ്ങിയവര്‍ക്കെതിരായ ഇഡിയുടെ എല്ലാ കണ്ടെത്തലുകളും അന്വേഷണത്തിന്റെ ഭാഗമാകും. മാസപ്പടി കേസില്‍ ഇവര്‍ മൂന്നുപേരും ഉള്‍പ്പെട്ട എല്ലാ ആരോപണങ്ങളും മൊഴികളും ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കും. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം ആയിരിക്കും അന്വേഷണം നടത്തുക.