പിവി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

 
ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പിവി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ക്രിമിനല്‍ കേസും സ്വത്ത് വിവരങ്ങളും നാമനിർദേശപത്രികയിൽ മറച്ചുവച്ചെന്നാണ് പരാതി. കൊല്ലം സ്വദേശിയും വ്യവസായിയുമായി മുരുഗേഷ് നരേന്ദ്രനാണ് പരാതി നല്‍കിയത്. ഫോണ്‍ ചോർത്തലിൽ അൻവറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തത് മുരുഗേഷിന്റെ പരാതിയിലായിരുന്നു. മലപ്പുറം കൂമംകുളത്ത് അന്‍വറിന്റെ പേരിലുള്ള 5 കെട്ടിടങ്ങളുടെ വിവരവും അന്‍വറിന്റെ ആദ്യ ഭാര്യ ഷീജയുടെ പേരിലുള്ള 8 കെട്ടിടങ്ങളുടെ വിവരങ്ങളും മറച്ചുവച്ചതായും പരാതിയിൽ ആരോപണമുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന ഇലക്ടറല്‍ ഓഫീസർ, ബേപ്പൂര്‍ നിയോജകമണ്ഡലം റിട്ടേണിങ് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. മുഹമ്മദ് റിയാസ് ആണ് ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി.