ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായി എക്സൈസ്
അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായി എക്സൈസ് കണ്ടെത്തി. വീട്ടിലെ 22 ക്യാമറകളിലെയും ദൃശ്യങ്ങളില്ലെന്ന് എക്സൈസ് പറയുന്നു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ എടുത്തു മാറ്റിയ നിലയിലാണ്. ആന്‍റോ അഗസ്റ്റിനെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയതിനിടെയാണ് കണ്ടെത്തൽ. തെളിവ് നശിപ്പിക്കാനാണ് ഡിവിആർ എടുത്തു മാറ്റിയതെന്ന് എക്സൈസ് സംശയിക്കുന്നു. നാളെ ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ആ സമയത്ത് ഇക്കാര്യങ്ങൾ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയേക്കും.
അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ ആന്‍റോ അഗസ്റ്റിനെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനും 24 മണിക്കൂർ കസ്റ്റഡിയാണ് ബത്തേരി കോടതി അനുവദിച്ചത്. ചോദ്യം ചെയ്യലിൽ വീട് തന്റെ പേരിൽ അല്ലെന്നും വീട്ടിലുണ്ടായിരുന്ന മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആന്‍റോ ആവർത്തിച്ചു. കോടതിയിലെ വാദങ്ങൾ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിലും ആവർത്തിച്ചു. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്‍റെ പേരിലല്ല. വീട് ബാങ്ക് ജപ്തി ചെയ്ത് സർഫാസി നിയമ പ്രകാരം മറ്റൊരാൾ വാങ്ങി. താൻ മദ്യപിക്കുന്ന ആളല്ലെന്നും പിടിച്ചെടുത്ത മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആന്‍റോ ആവർത്തിച്ചു. എന്നാൽ വീട് ആന്‍റോയുടെ പേരിലാണെന്ന് തെളിയിക്കാനുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് എക്സൈസ്. അതിനിടെ വാഴവറ്റയിലെ വീട് അനധികൃത നിർമ്മാണമെന്ന് കണ്ടെത്തി പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയും പുറത്ത് വന്നു.
പഞ്ചായത്ത് രേഖകളിൽ വീട് ആന്‍റോയുടെ പേരിലാണ്. കെ എസ് ഇ ബി കണക്ഷൻ ഉൾപ്പടെ ഉള്ളതും ആന്‍റോ അഗസ്റ്റിന്റെ പേരിൽ തന്നെ. ഭാര്യാമാതാവ് ലില്ലി ലേലത്തിൽ വസ്തു സ്വന്തമാക്കിയെന്നാണ് ആന്‍റോ അഗസ്റ്റിന്റെ വാദം. വീടിന്‍റെ ഉടമസ്ഥവകാശം മറ്റൊരാൾക്ക് കൈമാറിയെന്ന് തെളിയിക്കാൻ പ്രതിഭാഗം ഹാജരാക്കിയ എസ് ബി ഐയുടെ സെയിൽസ് സർട്ടിഫിക്കട്ട് മാത്രം മതിയാകില്ലെന്നാണ് എക്സൈസ് പറയുന്നത്.