നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ എക്‌സൈസ്

 

 

മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ എക്‌സൈസ്.സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. നെടുമ്പാശ്ശേരിയിലെ ബാറില്‍ മാത്രം മദ്യം കഴിക്കാന്‍ ചെലവിട്ടത് 4,396 രൂപയാണ്. സുഹൈലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിയിലേക്ക് മോട്ടോര്‍ വാഹന വകുപ്പും കടന്നു.

മൂന്ന് ബാറുകളില്‍ കയറിയാണ് സുഹൈല്‍ തുടര്‍ച്ചയായി മദ്യപിച്ച് വാഹനമോടിച്ചത്. സുഹൈല്‍ അമിതമായി മദ്യപിച്ചെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലം. കസ്റ്റഡി പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ സുഹൈലിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് എക്‌സൈസ്. സുഹൈലിന് മദ്യം നല്‍കിയതുമായി ബന്ധപ്പെട്ട് ബാറുകള്‍ക്കെതിരായ നടപടികളും പുരോഗമിക്കുകയാണ്. സുഹൈലിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. വാഹനവുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം നല്‍കും. വാഹനത്തിന്റെ തകരാര്‍ ഏതെങ്കിലും വിധത്തില്‍ അപകടത്തിലേക്ക് നയിച്ചോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.