ആര്‍ജെഡിയില്‍ പൊട്ടിത്തെറി; മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള പാർട്ടി വിട്ടു
Mar 19, 2026, 16:48 IST
സീറ്റ് വിഭജനത്തിന് പിന്നാലെ എല്‍ഡിഎഫ് ഘടക കക്ഷിയായ ആര്‍ജെഡിയിലും പൊട്ടിത്തെറി. പാര്‍ട്ടിക്ക് അനുവദിച്ച മൂന്ന് സീറ്റുകളില്‍ ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍മന്ത്രി വി സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു. എല്‍ഡിഎഫിലെ സീറ്റ് നിര്‍ണയത്തില്‍ ആര്‍ജെഡിക്കു മതിയായ പരിഗണന ലഭിച്ചില്ലെങ്കില്‍ അനുവദിക്കുന്ന സീറ്റുകളില്‍ മത്സരിക്കേണ്ടെന്ന ധാരണ മറികടന്നാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്ന് ആരോപിച്ചാണ് സുരേന്ദ്രന്‍ പിള്ള വിഭാഗത്തിന്റെ രാജി.ആര്‍ജെഡിയില്‍ നടക്കുന്നത് ശീതസമരമാണെന്നും വി സുരേന്ദ്രന്‍ പിള്ള പറഞ്ഞു. ആവശ്യപ്പെട്ട സീറ്റ് ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് വിടാനായിരുന്നു ആര്‍ജെഡി തീരുമാനം. സംസ്ഥാന സമിതിയോഗത്തിലെ ഭൂരിപക്ഷഭിപ്രായവും ഇതായിരുന്നു. എന്നാല്‍ ആര്‍ജെഡി മൂന്ന് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് തങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ ആണെന്നാണ് സുരേന്ദ്രന്‍ പിള്ളയുടെ നിലപാട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റു മാത്രം നല്‍കിയത് കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു വന്ന സാഹചര്യത്തില്‍ ആയിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ 7 സീറ്റ് നല്‍കാമെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചിരുന്നുവെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.