സർക്കാർ വരുംമുൻപേ നടത്തിയ സമരത്തേച്ചൊല്ലി ബിജെപിയിൽ പോര്
പുതിയ സർക്കാർ അധികാരമേൽക്കുന്നതിനുമുൻപേ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതിനെച്ചൊല്ലി ബി.ജെ.പി.യിൽ പോര്. അധികാരത്തിലെത്തിയാൽ മേയ് 15 മുതൽ കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ യു.ഡി.എഫ്. പ്രഖ്യാപിച്ചിരുന്നു. ഇത് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ മേയ് 15-ന് കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്ര നടത്തി പ്രതിഷേധിച്ചത്. ജില്ലയിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.
സമരത്തെച്ചൊല്ലി ബി.ജെ.പി.ക്കുള്ളിലും പുറത്തും വിമർശമുയർന്നിരുന്നു. ‘സമരം നടക്കുമ്പോൾ സത്യപ്രതിജ്ഞപോലും കഴിഞ്ഞിട്ടില്ലെന്നും പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രിയെന്നും പകൽ ടോർച്ചടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരത്തിന്‍റെയും പിതാവെന്നും’ പറഞ്ഞ് നിയുക്ത എം.എൽ.എ. സന്ദീപ് വാരിയർ സാമൂഹികമാധ്യമ പോസ്റ്റിട്ടിരുന്നു. ‘ആവേശം നല്ലതാണ്. പക്ഷേ അനവസരത്തിലുള്ള ആവേശം ആത്മഹത്യക്ക് സമാനമാകാം’ എന്നായിരുന്നു ബി.ജെ.പി. നേതാവ് അഡ്വ. കെ.ശ്രീകാന്തിന്റെ പോസ്റ്റ്.
സമരത്തോടുള്ള വിമർശത്തിനെതിരേ സാമൂഹികമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്താണ് എം.എൽ.അശ്വിനി പ്രതികരിച്ചത്. ‘ബി.ജെ.പി.യോ മഹിളാമോർച്ചയോ അത്രയ്ക്ക് ബുദ്ധിയില്ലാത്തവരല്ലെന്നും അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെ’ന്നും അവർ വീഡിയോയിൽ പറഞ്ഞു. ‘പ്രകടനപത്രികയിൽ പറഞ്ഞത് മുഖ്യമന്ത്രിയായശേഷമേ നടപ്പാക്കാൻ പറ്റൂവെന്ന സാമാന്യബുദ്ധി ബി.ജെ.പി.ക്കും മഹിളാമോർച്ചയ്ക്കുമുണ്ട്. കോൺഗ്രസിന്റെ വാക്കുകൾക്കെതിരേയാണ് സമരംചെയ്തത്. 10 കൊല്ലം എൽ.ഡി.എഫ്. സർക്കാർ ജനങ്ങളെ പറ്റിച്ചതുപോലെ വരുന്ന അഞ്ചുകൊല്ലം ജനങ്ങളെ പറ്റിക്കാൻ വി.ഡി.സതീശനെയും ടീമിനെയും ബി.ജെ.പി. വിടില്ല’ -അവർ പറഞ്ഞു.