സാമ്പത്തിക പ്രതിസന്ധിയില്‍ വകുപ്പുകള്‍ക്ക് ധനവകുപ്പിന്റെ സര്‍ക്കുലര്‍

 

 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും, കര്‍ശനമായ ചെലവു ചുരുക്കലുകള്‍ വേണ്ടി വരുമെന്നും ധനവകുപ്പ്. ശമ്പള ചെലവുകള്‍ കൃത്യമായി കണക്കാക്കണം. പ്രതിസന്ധി കണക്കിലെടുത്ത് കടുത്ത അച്ചടക്കം പാലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും, വിവിധ വകുപ്പുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ സംസ്ഥാന ധനവകുപ്പ് നിര്‍ദേശിച്ചു.അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയാറാക്കാന്‍ നല്‍കിയ നിര്‍ദേശങ്ങളുടെ കൂട്ടത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ലാഭകരമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി ചെലവുകളും തല്‍ക്കാലം ഒഴിവാക്കണം. ഈ വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് തുക യഥാര്‍ഥ ബജറ്റ് തുകയെക്കാള്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ശമ്പളം ഒഴികെയുള്ള പദ്ധതി ഇതര ചെലവുകള്‍ക്ക് ഈ വര്‍ഷത്തെ അതേ നിരക്കുകള്‍ തന്നെയായിരിക്കണം അടുത്ത വര്‍ഷത്തേക്കും നിശ്ചയിക്കേണ്ടത്. പദ്ധതികള്‍ നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന അധിക ജീവനക്കാരെ പിരിച്ചുവിടേണ്ട. പകരം അവരെ ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പുനര്‍വിന്യസിക്കുന്നതിനായി വകുപ്പുകള്‍ പ്രത്യേകം പട്ടിക തയാറാക്കണം.

റവന്യു വരുമാനം വേഗത്തില്‍ സമാഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ വകുപ്പുകള്‍ സമര്‍പ്പിക്കണം. ഈ വര്‍ഷത്തെ നികുതി, നികുതി ഇതര കുടിശികയുടെ കൃത്യമായ കണക്കുകളും അവ ഈടാക്കാന്‍ സ്വീകരിച്ച നടപടികളും അറിയിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭരണമാറ്റത്തിനു പിന്നാലെ പുതിയ ഡയറി പുറത്തിറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.