അറബിക് റെസ്റ്ററന്റുകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം; എന്‍ഐഎക്ക് കത്ത് നല്‍കി ബിജെപി
Apr 22, 2026, 20:15 IST
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അറബിക് റെസ്റ്ററന്റുകളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി. ബിജെപി തൃശൂര്‍ ജില്ലാ ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ പ്രസീദ് ദാസാണ് ഇത് സംബന്ധിച്ച് എന്‍ഐഎ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. അറബിക് റെസ്റ്ററന്റുകളുടെ സാമ്പത്തിക സ്രോതസും രാജ്യവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാണ് ആവശ്യം. നോട്ട് നിരോധനത്തിന് ശേഷം തുടങ്ങിയ ഹോട്ടലുകളെക്കുറിച്ചും അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.ചുരുങ്ങിയ കാലയളവിനുള്ളില്‍ വന്‍തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമുള്ള ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാനത്തുടനീളം ആരംഭിച്ചത് സംശയാസ്പദമാണെന്നും ഇതില്‍ വിദേശ ഫണ്ടുകളുടെ പങ്ക് പരിശോധിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ഈ റെസ്റ്ററന്റുകള്‍ക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു.