തുറവൂർ താലൂക്ക് ആശുപത്രിയിൽ അഗ്നിബാധ; രോഗികളെ സുരക്ഷിതമായി മാറ്റി

 

ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രിയിൽ അഗ്നിബാധ. രാവിലെ 10:15-ഓടെയാണ് സംഭവം. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് മുകൾ ഭാഗത്തുള്ള മരുന്ന് സ്റ്റോർ റൂമിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം.

തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ആശുപത്രി അധികൃതരും ജീവനക്കാരും ചേർന്ന് ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെയും മറ്റ് വാർഡുകളിലുള്ളവരെയും ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൃത്യസമയത്ത് ഇടപെടാൻ കഴിഞ്ഞതിനാൽ വലിയൊരു അപകടം ഒഴിവാക്കാനായി. ആർക്കും പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. നിലവിൽ ആശുപത്രിയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്.