മെഡിക്കല്‍ കോളജ് ഐസിയുവിലെ തീപിടിത്തം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

 
മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സര്‍ജിക്കല്‍ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. തീപിടിത്തത്തിന് പിന്നാലെ ഐസിയുവില്‍ നിന്നും മാറ്റിയ 5 രോഗികള്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ നിര്‍ദേശം. സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.വിഷയത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം. സംഭവത്തെകുറിച്ച് കേള്‍ക്കുന്ന കാര്യങ്ങള്‍ വിശദവും സുതാര്യവുമായി പരിശോധിക്കണം. ഐ.സി.യുവില്‍ നിന്നും രോഗികളെ യഥാസമയം മാറ്റുന്നതിനായി സ്വീകരിച്ച നടപടികള്‍, അഞ്ചു രോഗികളുടെ മരണകാരണം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകള്‍, ഫോറന്‍സിക് വിദഗ്ദ്ധന്റെ അഭിപ്രായം തുടങ്ങിയ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് 5 ആഴ്ചക്കുള്ളില്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം.