അസമിലും ഒഡീഷയിലെ മിന്നൽ പ്രളയം; അസമിൽ മരണം 82 ആയി

 

 

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം. അസമിലും ഒഡീഷയിലെ കനത്ത മഴയെത്തുടർന്ന് മിന്നൽ പ്രളയം. ഇന്ന് രണ്ട് മരണം കൂടെ റിപ്പോർട്ട് ചെയ്തതോടെ അസമിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. അസമിലെ ശിവസാഗർ, ഗോലാഘട്ട്, ജോർഹട്ട്, നാഗാവ്, ചരൈഡിയോ പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

നിലവിൽ 13,000 ത്തോളം പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിതാമസിപ്പിച്ചിരിക്കുന്നത്. പല പ്രദേശങ്ങളും വെള്ളപൊക്കം മൂലം ഒറ്റപ്പെട്ട നിലയിലാണ്. നിരവധി വീടുകളും റോഡുകളും തകർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ് പല പ്രദേശവും.

അവിടേക്കെത്തുന്നതിൽ പ്രയാസം നേരിടുന്നുണ്ടെങ്കിലും എത്രയും പെട്ടെന്ന് സഹായമെത്തിക്കാൻ ശ്രമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഒഡീഷയിൽ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. നദികൾ കവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ അഞ്ച് ലക്ഷത്തോളം പേർ മഴക്കെടുതിയിലാണ്.

പലയിടത്തും വീടുകൾ തകർന്നുവീണു. ഗുജറാത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉത്തരേന്ത്യയിലൊട്ടാകെ മഴക്കെടുതിയിൽ നിരവധിപേരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. ഇവരിലേക്കെത്താനും രക്ഷാപ്രവർത്തനം നടത്താനുമുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.