ഭരണസംവിധാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം; പ്രവാസികള്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രി
ഗള്‍ഫ് രാജ്യങ്ങളില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ പ്രവാസികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും അവിടുത്തെ ജനങ്ങള്‍ക്കും കേരളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിച്ച മുഖ്യമന്ത്രി, പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും വ്യക്തമാക്കി.
അതത് രാജ്യങ്ങളിലെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പ്രവാസികള്‍ പൂര്‍ണമായും പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടണമെന്നും അവര്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ മാത്രം സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അടിസ്ഥാനരഹിതമായ വാര്‍ത്തകളും കിംവദന്തികളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. അനാവശ്യ ഭീതി പരത്തുന്ന തരത്തിലുള്ള യാതൊന്നും സാമൂഹിക മാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി തന്റെ പ്രസ്താവനയിലൂടെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. പ്രവാസികള്‍ക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.