ഫാ. ജെസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു, 'പൈതലാം യേശുവേ' ഗാനത്തിന്റെ ശില്‍പി

 

ക്രിസ്തീയ ഭക്തിഗാനരംഗത്ത് ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയ ഫാ. ഡോ. ജെസ്റ്റിന്‍ പനക്കല്‍ (90) അന്തരിച്ചു. ഒസിഡി സന്യാസസമൂഹാംഗമാണ് കുമ്പളങ്ങി സ്വദേശിയായ ഫാ. ഡോ. ജെസ്റ്റിന്‍ പനക്കല്‍. ക്രിസ്തീയ ഭക്തിഗാന ശാഖയിലെ നിരവധി അനശ്വരഗാനങ്ങളുടെ സംഗീത സംവിധായകനാണ് ഡോ. ജെസ്റ്റിന്‍ പനക്കല്‍. ദീര്‍ഘകാലമായി വിശ്രമജീവിതം നയിക്കുകയായിരുന്നു.മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന, സ്‌നേഹസ്വരൂപാ തവദര്‍ശനം, ദൈവം നിരുപമസ്‌നേഹം, എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ തുടങ്ങിയ ശ്രദ്ധേയഗാനങ്ങള്‍ക്ക് ഈണമിട്ടതും ഫാ. ഡോ. ജെസ്റ്റിന്‍ പനക്കല്‍ ആണ്. കെ.എസ്. ചിത്രയുടെ സംഗീതജീവിതത്തില്‍ വഴിത്തിരിവായ ഗാനമാണ് 'പൈതലാം യേശുവേ' ഈ പട്ടികയില്‍ ഏറെ പ്രധാനമാണ്. ഈണമിട്ട 29 പാട്ടുകളില്‍ 25 എണ്ണനും യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. തരംഗിണിയുടെ ഹിറ്റുകളായ സ്‌നേഹസന്ദേശം, തളിര്‍മാല്യം തുടങ്ങിയ ആല്‍ബങ്ങളിലും പനയ്ക്കലച്ചന്റെ പാട്ടുകളുണ്ടായിരുന്നു.

'പൈതലം യേശുവേ' എന്ന ഒറ്റ ഗാനത്തിലൂടെ തന്നെ ക്രിസ്തീയ ഭക്തിഗാന രംഗത്ത് ശ്രദ്ധേയനാക്കിയ വ്യക്ത്വമാണ് ഫാ. ഡോ. ജെസ്റ്റിന്‍ പനക്കല്‍ എന്ന് കെ എസ് ചിത്ര അനുസ്മരിച്ചു. ഫാ. ജസ്റ്റിന്‍ പനക്കലിന്റെ നിര്യാണ ഏറെ ദുഃഖകരമാണെന്നും ചിത്ര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.