മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

 

 

മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ ഒരു കോടി യുവാക്കള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

'മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന പാവപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കോച്ചിങ് ക്ലാസുകള്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഞങ്ങള്‍ വിവിധ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ് നല്‍കും'- മോദി പറഞ്ഞു. 'ഞങ്ങളുടെ കുട്ടിയെ കോച്ചിങ് ക്ലാസിലേക്ക് അയച്ചില്ലെങ്കില്‍ അത് നാണക്കേട് ആണ് എന്നാണ് ഓരോ മാതാപിതാക്കളും ചിന്തിക്കുന്നത്. അവര്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു. കോച്ചിങ്ങിനായി ചെലവഴിക്കുന്ന ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാന്‍ അവരെ സഹായിക്കും. ഇതുവഴി കുട്ടികളോട് അടുത്തിടപഴകാനും അവരെ പരിപാലിക്കാനും ഈ കുടുംബങ്ങള്‍ക്ക് സാധിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെടും. ഞങ്ങളുടെ പക്കല്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറുണ്ട്. ഞങ്ങളുടെ പക്കല്‍ മികച്ച പ്രതിഭകളും അധ്യാപകരുമുണ്ട്. ഈ വിഭവങ്ങളെല്ലാം ഒരുമിച്ച് കൊണ്ടുവന്ന് രാജ്യത്തെ യുവാക്കള്‍ക്ക് സൗജന്യ കോച്ചിങ് നല്‍കുന്നതിനായി സമ്പൂര്‍ണ ശൃംഖല നിര്‍മ്മിക്കും'- മോദി പറഞ്ഞു.