ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ദമ്പതികൾക്ക് പരുക്ക്, വീട് ഭാഗികമായി തകർന്നു
Jul 16, 2026, 14:05 IST
ഗുരുവായൂരിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരുക്കേറ്റു. അപകടത്തിൽ വീട് ഭാഗികമായി തകർന്നു. ബുധനാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.
കുട്ടപ്പൻ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 11ന് ആദ്യം ഫ്രിഡ്ജിലൂടെ കനത്ത പുക വരികയായിരുന്നു. പുക ശ്വസിച്ചതോടെ ശ്വാസതടസം നേരിട്ട ഇവർ സഹായത്തിനായി അയൽക്കാരെ വിളിച്ചു.
ഇതിന് പിന്നാലെയാണ് ഫ്രിഡ്ജ് ശക്തമായി പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ ഫ്രിഡ്ജ് പൂർണമായും തകർന്നു. വീടിന്റെ ചുമരുകൾക്കും ജനലുകൾക്കും കേടുപാടുകൾ സംഭവിച്ചു.
സംഭവസ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന പരിശോധന നടത്തി. പൊട്ടിത്തെറി ഉണ്ടാകാനുള്ള കാരണം പരിശോധിച്ചുവരികയാണെന്ന് അഗ്നിരക്ഷാസേന പറഞ്ഞു.