ഫ്യുവൽ ഫെസ്റ്റ് ജനുവരി 23ന് കതാറയിൽ; ആവേശം പകരാൻ 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' താരങ്ങളുമെത്തുന്നു

 

ആഗോളതലത്തിൽ ശ്രദ്ധേയമായ ഓട്ടോമോട്ടീവ്-എന്റർടൈൻമെന്റ് ഉത്സവമായ 'ഫ്യുവൽ ഫെസ്റ്റ്' (FuelFest) ഖത്തറിൽ അരങ്ങേറുന്നു. വിസിറ്റ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ 2026 ജനുവരി 23ന് കതാറ സൗത്ത് പാർക്കിങ്ങിലാണ് ഈ മെഗാ ഇവന്റ് നടക്കുക. മെൽറ്റ് ലൈവ് മിഡിലീസ്റ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ പരിപാടി കാറുകളുടെയും സംഗീതത്തിന്റെയും ആവേശകരമായ സംഗമമായിരിക്കും.

ഹോളിവുഡ് താരം കോഡി വാക്കറാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ലോകപ്രശസ്ത ചലച്ചിത്ര പരമ്പരയായ 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിലെ' താരങ്ങളായ ടൈറീസ് ഗിബ്‌സൺ, ജേസൺ സ്റ്റാഥം എന്നിവർ ആരാധകരെ നേരിട്ട് കാണാൻ എത്തും എന്നതാണ് ഇത്തവണത്തെ പ്രധാന ആകർഷണം. കൂടാതെ പ്രശസ്ത സംഗീതജ്ഞരായ ലുഡാക്രിസ്, ബസ്റ്റ റൈംസ് എന്നിവരുടെ തത്സമയ കൺസേർട്ടും ഡി.ജെ ഇൻഫേമസിന്റെ പ്രകടനവും പരിപാടിക്ക് മാറ്റുകൂട്ടും. അത്യന്തം നൂതനമായ റേസിംഗ് കാറുകളുടെ പ്രദർശനവും ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്.

അന്തരിച്ച നടൻ പോൾ വാക്കർ സ്ഥാപിച്ച 'റീച്ച് ഔട്ട് വേൾഡ് വൈഡ്' എന്ന സന്നദ്ധ സംഘടനയ്ക്കായി പരിപാടിയിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. താല്പര്യമുള്ളവർക്ക് platinumlist.net വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഖത്തറിനെ ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഈ ഉത്സവം വലിയ കരുത്തേകുമെന്ന് അധികൃതർ വ്യക്തമാക്കി.