പരസ്പരം പുകഴ്ത്തി ജി സുധാകരനും വി ഡി സതീശനും
ആർഎസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരദാന വേദിയിൽ സിപിഎം നേതാവ് ജി സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജി സുധാകരൻ തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണെന്ന് വി ഡി സതീശൻ പറഞ്ഞു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരൻ. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. ജി സുധാകരന് അവാർഡ് നൽകുക എന്ന് പറഞ്ഞാൽ അത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
വി ഡി സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ് എന്നായിരുന്നു ജി സുധാകരന്റെ മറുപടി. കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്താൽ എന്താണ് പ്രശ്നമെന്നും ജി സുധാകരൻ ചോദിച്ചു. പാർട്ടി മെമ്പർമാരാണ് സിപിഎമ്മിന്റെ സൈന്യം. അല്ലാതെ സൈബർ സേന അല്ല. കമന്റ് ബോക്സ് അടച്ച് വെച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു. ബിജെപി വളർച്ചയെ ആശ്രയിച്ചിരിക്കും കേരളത്തിൽ സിപിഎം കോൺഗസ് സഖ്യമെന്നും സുധാകരൻ പുരസ്കാര വേദിയിൽ പറഞ്ഞു. മുൻപ് വി ഡി സതീശനെ പ്രശംസിച്ചു സംസാരിച്ചതിൽ ജി സുധാകരനെതിരെ സിപിഎമ്മിൽ നിന്നും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വെറെ പാർട്ടിയിൽ പോകണമെങ്കിൽ അന്തസ്സായി പറഞ്ഞിട്ട് പോകുമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.