എം വി ഗോവിന്ദനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി ജി സുധാകരൻ
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി സി പി എം മുൻ നേതാവും അമ്പലപ്പുഴ എം എൽ എയുമായ ജി സുധാകരൻ. എം വി ഗോവിന്ദൻ വകതിരിവ് കാണിക്കണമെന്ന് പറഞ്ഞ സുധാകരൻ, ഗോവിന്ദന്‍റെ വ്യക്തിപരമായ യോഗ്യതകളെ ചോദ്യം ചെയ്യുകയും ചെയ്തു. എം വി ജയരാജൻ പാർട്ടി വിട്ടവരെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും മറ്റ് രണ്ടുപേരുടെ പേരാണ് പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി സുധാകരൻ, തെറ്റ് പറ്റിയാൽ പാർട്ടിയായാലും വ്യക്തികളായാലും തിരുത്തണമെന്നും അല്ലാത്തവർ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലാകുമെന്നും എം വി ഗോവിന്ദനെ ഓർമ്മിപ്പിച്ചു. താൻ മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്നാൽ എങ്ങനെയാണ് വർഗ്ഗവഞ്ചകനാവുകയെന്ന് ചോദിച്ച അദ്ദേഹം, എം വി ഗോവിന്ദനാണ് യഥാർത്ഥ വർഗ്ഗവഞ്ചകനെന്നും ആരോപിച്ചു. നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദന് പാർട്ടി നശിക്കട്ടെ എന്ന ചിന്തയാണെന്നും പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ അയാൾക്ക് നാണമില്ലേയെന്നും സുധാകരൻ ആഞ്ഞടിച്ചു.