ജി. സുധാകരൻ പ്രോ ടേം സ്പീക്കർ, നിയമസഭാ സമ്മേളനം മെയ് 21 മുതൽ

 

എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മെയ് 21-ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്താനും മെയ് 22-ന് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കറോട് ശുപാർശ ചെയ്തിട്ടുണ്ട്. അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും.' മുഖ്യമന്ത്രി പറഞ്ഞു.

'സഭയിലെ ഏറ്റവും മുതിർന്നയാളും അമ്പലപ്പുഴ എംഎൽഎയുമായ മുൻമന്ത്രി ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കുന്നതിന് തീരുമാനമായി. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരും.' വി.ഡി. സതീശൻ പറഞ്ഞു.