ശബരിമലയിൽ സ്വർണക്കിരീടവും കവർന്നു; സ്ട്രോങ്റൂമിലുള്ളത് മുക്കുപണ്ടം
ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ല. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽനിന്നുള്ള ഭക്തർ 2012 ഓഗസ്റ്റിലാണ് കിരീടം സമർപ്പിച്ചത്. രജിസ്റ്ററിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്‌ട്രോങ്‌റൂമിലുള്ളത് അന്നുകിട്ടിയതിന്റെ അതേരൂപത്തിലും വലുപ്പത്തിലുമുള്ള മുക്കുപണ്ടംകൊണ്ടുള്ള കിരീടമാണ്. വജ്രത്തിന് സമാനമായ വെള്ളക്കല്ല് പതിച്ചിട്ടുണ്ട്.
ഭക്തർ സമർച്ചിച്ചതിന് അന്ന് 445.78 ഗ്രാമാണ് ആകെ തൂക്കം രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ ഉള്ള മുക്കുപണ്ടകിരീടത്തിന് 240 ഗ്രാംമാത്രം.
ആറന്മുളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്‌ട്രോങ്‌റൂമിൽ നിന്ന് നാലുപവന്റെ സ്വർണമാലയും കാണാതായിട്ടുണ്ട്. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനടുത്തുള്ള ഒ.ടി.സി. ഹനുമാൻ ക്ഷേത്രത്തിലെ രത്നങ്ങൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായ സംഭവവും പുറത്തുവന്നിട്ടുണ്ട്. അന്വേഷിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉത്തരവിട്ടു.
ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ ശബരിമലയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്.